ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ അഞ്ചുരുളി ജലാശയതീരത്ത് സഞ്ചാരികളുടെ സുരക്ഷ അപര്യാപ്തം. ഒട്ടേറെ തവണ പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും അഞ്ചുരുളി ജലാശയതീരത്ത് അപകടം ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം അഞ്ചുരുളി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചതാണ് അവസാനത്തെ അപകടം.
2019 ജനുവരിയിൽ പാമ്പാടുംപാറ സ്വദേശികളായ യുവാവും യുവതിയും അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് ഏതാനും ദിവസം മുൻപ് പേഴുങ്കണ്ടത്തിന് സമീപമുള്ള അഞ്ചുരുളി മുനമ്പ് കാണാൻ എത്തിയ നരിയമ്പാറ സ്വദേശിയായ വിദ്യാർഥിയും ജലാശയത്തിൽ മുങ്ങി മരിച്ചിരുന്നു. അപകടങ്ങൾ തുടർകഥയാകുമ്പോഴും സുരക്ഷാ വേലി ഒരുക്കുവാനോ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകാനോ അധികൃതരുടെ ഭാഗത്ത് നിന്ന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളുടെ അഭാവത്തിൽ ഇവിടെ എത്തുന്നവർക്ക് ജലാശയത്തിന്‍റെ ആഴം തിരിച്ചറിയാനാകില്ല. ഇത്തരത്തിൽ കുളിക്കുവാൻ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. കാഞ്ചിയാർ പഞ്ചായത്തും, സാമൂഹിക സംഘടനകളും അഞ്ചുരുളിയുടെ വികസനത്തിനായി വിവിധ പദ്ധതികൾ തയ്യാറാക്കി ഡിടിപിസിയ്ക്ക് നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.