ഇടുക്കി: ആനപ്പളം ഈഗിള്‍സ്.... പേര് കേട്ടാല്‍ ഇതെന്താണെന്ന് ആദ്യമൊരു തോന്നലുണ്ടാകാം... 20 ഓളം കലാകാരന്‍മാരുടെ കൂട്ടായ്‌മയാണിത്. അന്യം നിന്നുപോകുന്ന നാടൻ കലകളെയും നാടൻ പാട്ടുകളെയും സംരക്ഷിക്കാനുള്ള കൂട്ടായ്‌മ.
ഇടുക്കി ജില്ലയിലെ ഉപ്പുതറയിലെ ഒരു കൂട്ടം കലാകാരന്‍മാരാണ് ഈ കലാസമിതിക്ക് പിന്നില്‍. പരമ്പരാഗതമായി കൈമാറി വന്ന ഈണങ്ങൾ നാടിന് പരിചയപ്പെടുത്തുകയാണ് ഇവര്‍. പുതു തലമുറയില്‍, നാടന്‍ കലകളോട് താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കാനും ഇവര്‍ തയ്യാറാണ്.
കേരളത്തിന്‍റെ ഓരോ പ്രദേശത്തും, കൈമാറി വന്ന നാടന്‍ പാട്ടുകള്‍ വ്യത്യസ്ഥമാണ്. ഓരോ മേഖലയിലും നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥികളും സംസ്‌കാരവും കാര്‍ഷിക രീതികളും എല്ലാം കോര്‍ത്തിണക്കിയാണ്, നാടന്‍ ശീലുകള്‍ രൂപപ്പെട്ടിരുന്നത്. മലനാടിന്‍റെ ആചാരങ്ങളും സംസ്‌കാരങ്ങളും സമന്വയിച്ച, നാടന്‍ വാമൊഴിയിലുള്ള പാട്ടുകളെ പുതുതലമുറയ്ക്കായി അവതരിപ്പിയ്ക്കുകയാണ് ആനപ്പളം ഈഗിള്‍സ്. കേരളത്തിന്‍റെ കല- സാംസകാരിക രംഗത്ത് നാടന്‍ കലകളെ കൂടുതല്‍ സജീവമാക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.