ഇടുക്കി: പുളിയന്മലയിൽ ഓണപ്പിരിവ് നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കർഷകരും കർഷക സംഘടനകളും രംഗത്ത്. ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ ഫെസ്റ്റിവൽ സീസണിൽ മാത്രമല്ല വർഷം മുഴുവനുള്ള പണപിരിവാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് ആരോപണം. സി എച്ച് ആർ മേഖലയിലെ ഏലം സ്റ്റോറുകളിലാണ് വ്യാപക പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.
ആരോപണവുമായി വീണ്ടും കർഷകർ
കഴിഞ്ഞ ദിവസമാണ് കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതിനെ തുടർന്ന് പുളിയന്മലയിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി കർഷകർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മേഖലയിലെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏലം സ്റ്റോറുകളിൽ നിന്നാണ് വ്യാപക പണപ്പിരിവ് നടത്തുന്നതായി ആരോപണം ഉയരുന്നത്.
വിറകിന് പോലും വ്യാപക പണപിരിവെന്ന് ആരോപണം
വർഷത്തിൽ 12 മാസവും ഏലക്ക തുടങ്ങുന്നതിനായി ഏലം സ്റ്റോറുകളിൽ വിറക് ആവശ്യമാണ്. ഇതിനായി ഒടിഞ്ഞു വീഴുന്ന മരത്തടികളും വനം വകുപ്പിൻ്റെ പാസ് ഉപയോഗിച്ച് മുറിക്കുന്ന തടികളുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ വിറക് കൊണ്ടുവരുന്നതിന് പോലും വ്യാപക പണപ്പിരിവ് നടത്തുന്നതായാണ് ആരോപണം.
രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സാഹചര്യത്തിൽ വർഷം മുഴുവനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിരിവിനെതിരെ അടുത്തദിവസം തന്നെ പരാതി നൽകുമെന്ന് വിവിധ സംഘടനകളും അറിയിച്ചു. വകുപ്പ് മന്ത്രി, ഡി എഫ് ഒ, വിജിലൻസ് തുടങ്ങിയവർക്കാണ് പരാതി നൽകുക.
read more: ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് ; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി