ഇടുക്കി: രാജാക്കാടിന് അനുവദിച്ച പുതിയ മുൻസിഫ് - മജിസ്ട്രേറ്റ് കോടതി നഷ്ടമാകാന്‍ സാധ്യതയെന്ന് ആക്ഷേപം. സി.പി.എമ്മിലെ വിഭാഗിയതയുടെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്തതാണ് ഇതിന് കാരണമെന്നാണ് ആരോപണം. രാജാക്കാട് പഞ്ചായത്ത് വിഷയത്തില്‍ വിമുഖത കാണിക്കുന്നതായി പൊതു പ്രവര്‍ത്തകനായ ജോഷി കന്യകുഴി പറഞ്ഞു.
നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്ന പ്രദേശങ്ങളാണ് രാജാക്കാട്, ബൈസൺവാലി, രാജകുമാരി , സേനാപതി , ശാന്തൻപാറ പഞ്ചായത്തുകൾ. മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്നതാണ് ഈ മേഖല. കൂടാതെ വനം വകുപ്പിന്റേയും എക്സൈസ് വകുപ്പിന്റേയും കേസുകൾ നിരവധിയാണ്.
ഈ കേസുകൾ എല്ലാം സമർപ്പിക്കുന്നത് പ്രധാനമായും അടിമാലി, നെടുംങ്കണ്ടം കോടതികളിലാണ്. 45 കിലോമീറ്റർ അകലെയുള്ള കോടതികളിൽ രണ്ടും മൂന്നും വർഷങ്ങൾ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വലയുന്നവർ നിരവധിയാണ്. സമീപത്ത് കോടതി ഇല്ലാത്തത് ഉദ്യോഗസ്ഥരെയും വലക്കുന്നുണ്ട്.
ഇതിനൊരു പരിഹാരത്തിനായാണ് രാജാക്കാട് വികസന കൂട്ടായ്മ മേഖലയിൽ കോടതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. രാജാക്കാട് പഞ്ചായത്തിന്‍റെ പിന്തുണയോടെ ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോയിരുന്നു.
മാസങ്ങളുടെ പരിശ്രമത്തിന്‍റെ ഭാഗമായി കേരള ഹൈക്കോടതി ഈ ആവശ്യം പരിഗണനയിൽ എടുക്കുകയായിരുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തയ്യാറായാൽ കോടതി അനുവദിക്കുമെന്ന ഘട്ടത്തിലാണിപ്പോൾ. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.