ഇടുക്കി : ഇടുക്കി ജില്ല നേരിടുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക പരിഹാരമല്ല സമഗ്രമായ തീര്‍പ്പാണ് വേണ്ടതെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് കലക്‌ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യ മൃഗങ്ങള്‍ ജനവാസ മേഖലയില്‍ കൃഷി ഭൂമി നശിപ്പിക്കുന്നത് ജില്ല നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇവയെ കൊന്നു കളയുക എന്നത് പ്രായോഗികമായ നടപടിയല്ല. അതിനായി സുരക്ഷ വേലികള്‍ ത്രിതല പഞ്ചായത്ത് അതിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
വന്യ ജീവി സംരക്ഷണവും പ്രധാനമാണ്. ആര്‍ക്കും എവിടെയും വന്യ മൃഗങ്ങളെ വെടി വെച്ച് കൊല്ലാനുള്ള അനുമതി നല്‍കാനാവില്ല. അതിനാൽ ഗ്രാമ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ തോക്ക് ലൈസന്‍സ് ഉള്ള ആളുകളുടെ പാനല്‍ തയാറാക്കും. പാനലില്‍ ഉള്ളവര്‍ക്ക് വനം വകുപ്പിനെയും പഞ്ചായത്തിനെയും അറിയിച്ചു കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം. അതു ബന്ധപെട്ടവരുടെ സാന്നിധ്യത്തില്‍ സംസ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.
ALSO READ : മുട്ടിൽ മരംമുറി; വകുപ്പ് മേധാവിയുടെ ഉത്തരവ് റദ്ദ് ചെയ്ത് മന്ത്രി
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷക പ്രാതിനിത്യം കുറവാണ്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന നഷ്‌ട പരിഹാരത്തിന്‍റെ ഇരട്ടി തുക ഈ ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കും. ഇതിന്‍റെ സാധ്യതകള്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.