ഇടുക്കി: അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് കഞ്ചാവ് കേസ് കണ്ടെത്തി തിരികെ വരുന്നതിനിടെ മോഷണമുതലും കണ്ടെത്തി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻ്റിലുള്ള മച്ചിപ്ലാവ് സ്വദേശി പാലമറ്റത്ത് ഗിരീഷ് കുമാറിൻ്റെ മലഞ്ചരക്ക് കടയിൽ നടന്ന മോഷണത്തിൽ കളവ് പോയ ഒരു ചാക്ക് ഉണക്ക കുരുമുളക് ആണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തത്. കണ്ടെടുത്ത കുരുമുളക് അടിമാലി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടു കൂടിയാണ് സംഭവം നടന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ ആയിരം ഏക്കർ കൈത്തറിപ്പടി റോഡിൽ നടന്ന വാഹന പരിശോധനക്കിടെ കെ എല്‍ 24 എ 6360 ഇൻഡിക്ക കാർ നിർത്താതെ പോവുകയും വാഹനം പുറകെയെത്തി പിടികൂടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഓടയ്ക്കാ സിറ്റി കാരയ്ക്കാട്ട് മനു മണി ഓടി രക്ഷപെട്ടു. വാഹനത്തിലുണ്ടായിരുന്ന 15 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി മനുവിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് വാഹനവും കസ്റ്റഡിയിലെടുത്തു. രാത്രി ഓഫീസിലേക്ക് തിരികെ വരുന്നതിനിടയിലാണ് അടിമാലി കേജീസ് ജൂവലറിക്ക് സമീപം ചാക്ക്കെട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടത്. പരിശോധനയിൽ കുരുമുളകാണെന്ന് മനസിലാക്കി അടിമാലി പൊലീസിന് കൈമാറി. മോഷണ കേസിലെ പ്രതി ഷൈസ് ഒഴുവത്തടത്തിനെ അടിമാലി പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.