ഇടുക്കി: മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ കരുത്തേകാന്‍ ലക്ഷ്യമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ജോലികള്‍ അവസാന ഘട്ടത്തില്‍. ടൗണിൽ പ്രവര്‍ത്തിക്കുന്ന മത്സ്യ, മാംസ ചന്തയില്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിച്ച് മാലിന്യം സംസ്‌ക്കരിക്കുന്നതിനൊപ്പം മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിച്ച് മത്സ്യ,മാംസ ശാലകളില്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. 27 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്ലാസ്‌റ്റിക് ഷ്രെഡിംങ് യൂണിറ്റ്, തൂമ്പൂര്‍മൊഴി മോഡല്‍ മാലിന്യ സംസ്ക്കരണ കേന്ദ്രം, ഗ്രീന്‍ അടിമാലി ക്ലീന്‍ ദേവിയാര്‍ പദ്ധതി എന്നിവയ്‌ക്ക് പുറമെയാണ് മാലിന്യ സംസ്‌ക്കരണത്തിനായി പുതിയ പദ്ധതി അടിമാലി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയാകുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഗോവര്‍ധന്‍ പദ്ധതിയുമായി സഹകരിച്ച് പദ്ധതി ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരം പദ്ധതിയുമായി രംഗത്ത് വരുന്നത്.