ഇടുക്കി : നായാട്ടിനിടെ വെടിയേറ്റ് മരിച്ച ഇരുപതേക്കര്‍ കുടിയില്‍ ഭാഗ്യരാജിൻ്റെ മകൻ മഹേന്ദ്രന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പോതമേട് - ഒറ്റമരം റോഡിലെ ഗോസ്റ്റ് ഹൗസിന് സമീപമുള്ള ഏലക്കാടിനുള്ളില്‍ നിന്നാണ് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 മുതൽ മഹേന്ദ്രനെ കാണാനില്ലെന്ന പരാതി രാജാക്കാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു.
സംഭവത്തില്‍ പ്രതികള്‍ പൊലീസ് കസ്‌റ്റഡിയിലാണുള്ളത്. ഇരുപതേക്കർ സ്വദേശികളായ കളപ്പുരയിൽ സാംജി (42), ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരാണ് അന്വേഷണസംഘത്തിന്‍റെ കസ്‌റ്റഡിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, മഹേന്ദ്രനെ കാണാതായ അന്ന് സാംജിയും ജോമിയും മഹേന്ദ്രനും ഓട്ടോറിക്ഷയിൽ ഒരുമിച്ച് വന്നിറങ്ങുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
MORE READ: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചതായി സംശയം: മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചിട്ടതായി പൊലീസ്
ഒരുമിച്ച് നായാട്ടിന് പോയ ഇവര്‍ വേട്ടമൃഗത്തെ അന്വേഷിച്ച് നില്‍ക്കുമ്പോള്‍ മഹേന്ദ്രൻ കുറെ ദൂരെ നിൽക്കുകയായിരുന്നു. മഹേന്ദ്രൻ്റെ കോട്ടിൻ്റെ ബട്ടൻസ് ടോർച്ച് വെളിച്ചത്തിൽ തിളങ്ങിയപ്പോൾ കാട്ടുമൃഗത്തിൻ്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് കസ്‌റ്റഡിയിലുള്ളവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവം പുറത്തറിയാതിരിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
മൃതദേഹം കുഴിച്ചെടുത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതേ ഉളളൂവെന്നും പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണമറിയാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.