ഇടുക്കി : വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച നെടുങ്കണ്ടം സ്വദേശി ആദിശ്രീ എന്ന കൊച്ചുമിടുക്കി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മൂന്നാം വയസുമുതൽ വ്യത്യസ്‌ത രീതിയിൽ പിറന്നാൾ ആഘോഷിക്കാറുള്ള ആദിശ്രീ ഇത്തവണയും അത് കൈവിട്ടില്ല. കാൻസർ രോഗികൾക്ക് നൽകാനായി മുടി മുറിച്ചുനല്‍കിയാണ് ഏഴാം പിറന്നാൾ ആഘോഷിക്കുന്നത്.
എല്ലാ പിറന്നാളിനും വൃക്ഷത്തൈകൾ നടാറുണ്ട്. എന്നാല്‍ ഇത്തവണ മരം നടുന്നതിനൊപ്പം ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തൃശൂർ അമല മെഡിക്കൽ കോളജിനാണ് കൈമാറിയത്. നെടുങ്കണ്ടത്തെയും പരിസര പ്രദേശങ്ങളിലേയും പൊതു സ്ഥലങ്ങളിലും സർക്കാർ ഓഫിസ് പരിസരങ്ങളിലുമായി ഇതുവരെ അഞ്ഞൂറോളം വൃക്ഷത്തൈകളാണ് ആദിശ്രീ ഇതുവരെ നട്ടിട്ടുള്ളത്.
നടുക മാത്രമല്ല, അവ കൃത്യമായ ഇടവേളകളിൽ പരിപാലിക്കുന്നുമുണ്ട്. ഒരിക്കൽ താൻ നട്ടവ ചിലര്‍ മുറിച്ചുമാറ്റിയതിന് പൊലീസ് സ്റ്റേഷനിൽ പോയി പരാതിയും നൽകിയിരുന്നു. പച്ചടി എസ്എന്‍എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആദിശ്രീ. എല്ലാത്തിനും പിന്തുണയുമായി അച്ഛൻ അനിൽകുമാറുമുണ്ട്.
എൽകെജിയിൽ പഠിക്കുമ്പോൾ അച്ഛന്‍റെ പ്രേരണയിലാണ് ആദിശ്രീ വൃക്ഷത്തൈകൾ നടാൻ ആരംഭിച്ചത്. നെടുങ്കണ്ടത്തിന്‍റെ പല ഭാഗത്തും ആദിശ്രീ എന്ന ഈ മിടുക്കി നട്ട വൃക്ഷങ്ങൾ വളരുന്നുണ്ട്.
ഇവിടെയും തീരുന്നില്ല ആദിശ്രീയുടെ സാമൂഹിക പ്രവർത്തനങ്ങൾ. ഓണത്തിന് പുത്തൻ കൊലുസ് വാങ്ങാനായി സ്വരുക്കൂട്ടിയ പണം ഒരു മടിയും കൂടാതെ ആദിശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ മാനുഷിക, സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന ആദിശ്രീ ഏവര്‍ക്കും മാതൃകയാണ്.