ഇടുക്കി : വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജ് നാല് ദിവസത്തിനകം ഇടുക്കി ആര്‍ ടി ഒ ഓഫിസില്‍ ഹാജരാകും. വാഗമണ്ണില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് ലൈസന്‍സും വാഹനത്തിന്‍റെ രേഖകളുമായി ചൊവ്വാഴ്‌ച ആര്‍ ടി ഒ ഓഫിസില്‍ ഹാജരാവാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടന് നോട്ടിസ് നല്‍കിയിരുന്നു. നാല് ദിവസത്തിനകം ആര്‍ ടി ഒ ഓഫിസില്‍ ഹാജരാവണമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ ഷൂട്ടിങ് തിരക്കായതിനാല്‍ നാല് ദിവസത്തിനകം ഹാജരാവാമെന്ന് ജോജു ജോര്‍ജ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേ തുടര്‍ന്ന് ജോജുവിന് ഹാജരാകാൻ മെയ് 21 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ആര്‍ ടി ഒ അറിയിച്ചു. ഓഫിസില്‍ ഹാജരായതിന് ശേഷം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പിഴയടച്ച് കേസില്‍ നിന്ന് ഒഴിവാകാമെന്നും ഗുരുതര കുറ്റകൃത്യമാണ് നടന്നതെങ്കില്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കുകയുള്ളൂവെന്നും ആര്‍ ടി ഒ പറഞ്ഞു.
also read: വാഗമൺ ഓഫ് റോഡ് റേസ്: നടൻ ജോജുവിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്
മെയ് ഏഴിനാണ് വാഗമണിലെ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ജോജു ജോര്‍ജ് റേസ് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു വാഹന വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നടനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചത്. മേഖലയില്‍ റോഡ് റേസ് നടത്തുന്നതിന് ജില്ല കലക്‌ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.