ഇടുക്കി: ഇടുക്കി മൂലമറ്റത്ത് ഗ്യാസിൽ നിന്ന് തീപിടിച്ച് വീട്ടമ്മ മരിച്ചതിൽ ദുരൂഹതയെന്ന് ആക്ഷൻ കൗൺസിൽ ആരോപണം. എഴുപത്തിയഞ്ചുകാരി സരോജിനിയുടെ മരണം കൊലപാതകമെന്നും ബന്ധുവായ വെള്ളത്തൂവൽ സ്വദേശിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നുമാണ് പരാതി.
മാർച്ച് 31ന് പുലർച്ചെയാണ് സരോജിനിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്നതാണ് മരണ കാരണമെന്നാണ് വീട്ടിലുണ്ടായിരുന്ന സരോജിനിയുടെ സഹോദരിയുടെ മകൻ സുനിൽ നൽകിയ മൊഴി. എന്നാൽ സരോജിനിയുടെ ബന്ധു സുനിലിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും കേസ് ഒതുക്കിത്തീർക്കാൻ മുട്ടം സിഐ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതായും ആക്ഷൻ കൗൺസിൽ ആരോപിച്ചു. അതേസമയം ഫോറൻസിക്ക് പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ കേസിനെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.