ഇടുക്കി: വാഹനാപകട കേസിൽ ആൾമാറാട്ടം നടത്തി കോടതിയിൽ നഷ്‌ട പരിഹാരം അടച്ച് കേസ് അട്ടിമറിച്ചതായി പരാതി. ഇടുക്കി കാഞ്ചിയാർ സ്വദേശി ടോമി തോമസാണ് അഭിഭാഷകനും കോടതി ജീവനക്കാരും പൊലീസും ചേർന്ന് നടത്തിയ തട്ടിപ്പിന് ഇരയായത്. സംസ്ഥാനത്ത് ഇത്തരത്തിൽ കേസ് അട്ടിമറിക്കുന്ന വൻ ലോബി തന്നെ പ്രവർത്തിക്കുന്നതായാണ് സൂചന.
2020 മാർച്ച് 12ന് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്തിന് സമീപത്തുവച്ചാണ് ടോമിയും മകനും ടോമിയുടെ പിതാവും സഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ.ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മൂവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ ഇവരുടെ മൊഴി പോലും എടുക്കാതെ പൊലീസ് എഫ്.ഐ.ആർ കോടതിയിൽ നൽകി.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ടോമി ഒരു അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചു. എന്നാൽ ഇതിനിടെ ടോമിയുടെ വ്യാജ വക്കാലത്ത് ഒപ്പിട്ട് പിഴയടച്ച് കേസ് അവസാനിപ്പിച്ചിരുന്നു. 2021 നവംബർ 12ന് രണ്ട് വിധി ഉണ്ടായതായാണ് രേഖകൾ പറയുന്നത്.
ഒന്നിൽ പ്രതി ഹാജരായി കുറ്റം സമ്മതിച്ചെന്നും മറ്റൊന്നിൽ പ്രതിയുടെ അഭാവത്തിൽ അഭിഭാഷകൻ ഹാജരായി കുറ്റം സമ്മതിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. പിഴയടച്ച് കേസ് അവസാനിപ്പിച്ചതോടെ അർഹതപ്പെട്ട ഇൻഷുറൻസ് ആനുകൂല്യവും ടോമിക്കും കുടുംബത്തിനും നഷ്‌ടമായി. കേസ് അട്ടിമറിക്കാൻ കോടതി ജീവനക്കാരും അഭിഭാഷകനും പൊലീസും ചേർന്നുള്ള ലോബി ശ്രമിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.