ഇടുക്കി: ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസി ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ നടപടിയുമായി റവന്യു വകുപ്പ്. 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞ് പോകാൻ ഭൂമി കയ്യേറിയവർക്ക് നോട്ടീസ് നല്‍കി. കയ്യേറ്റം കണ്ടെത്തിയ റവന്യൂ വകുപ്പിന്‍റെ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. ചിന്നക്കനാല്‍ വില്ലേജില്‍ ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം വിതരണം ചെയ്യാന്‍ ക്രമീകരിച്ച 301 കോളനിയിലെ ബ്ലോക്ക് നമ്പര്‍ എട്ടിലും റീസര്‍വ്വെ 178 ലും ഉൾപ്പെട്ട 14 ഏക്കറോളം ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുന്നത്. ഇതോടൊപ്പം ആനയിറങ്കല്‍ ഡാമിന്‍റെ ക്യാച്ച്മെന്‍റ് മേഖലയിലും കയ്യേറ്റം നടത്തിയിരുന്നു.

റവന്യൂ വകുപ്പിനെതിരേ കയ്യേറ്റക്കാര്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് റവന്യൂവകുപ്പിന്‍റെ നടപടി ശരിവച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. സിംഗ് കണ്ടം സ്വദേശി എല്‍സി മത്തായി കൂനംമാക്കല്‍, ചിന്നക്കനാല്‍ സ്വദേശി സി പാല്‍രാജ് എന്നിവര്‍ക്കാണ് റവന്യൂ വകുപ്പ് കയ്യേറ്റ ഭൂമിയൽ നിന്ന് ഒഴിയാൻ നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വയം ഒഴിയാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.