ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തിരച്ചില്‍ 15 ദിവസം പിന്നിട്ടു. കാണാതായ അഞ്ച് പേര്‍ക്കുള്ള തിരച്ചിലാണ് നടന്നു വരുന്നത്. ഉരുള്‍പൊട്ടലുണ്ടായിടത്ത് നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള ഭൂതക്കുഴിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തിരച്ചില്‍. പുഴയോരം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല.

ഭൂതക്കുഴി പ്രദേശത്തെ വനമേഖലയിലൂടെ മുകളില്‍ ദുരന്തമുണ്ടായിരുന്ന പ്രദേശം വരെയായിരുന്നു തിരച്ചില്‍. മഞ്ഞുമൂടിയ അന്തരീക്ഷമായിരുന്നു പെട്ടിമുടിയില്‍. പതിവിലും നേരത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. പ്രദേശവാസികളെ കൂടുതലായി തിരച്ചിലില്‍ പങ്കെടുപ്പിച്ചാണ് പതിനഞ്ചാം ദിനത്തില്‍ പരിശോധന നടത്തിയത്.


ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നു. റഡാര്‍ സംവിധാനം കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കാടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വനംവകുപ്പ് ജീവനക്കാര്‍, പ്രദേശവാസികള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ നേതൃത്വത്തിലാണ് പതിനഞ്ചാം ദിനത്തില്‍ തിരച്ചില്‍ നടന്നത്. തിരച്ചില്‍ നാളെയും തുടരും.