എറണാകുളം: യു ട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പൊലീസാണ് ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്ന് പിടികൂടിയത്. പൊലീസ് ഇയാൾ താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും സഹകരിക്കാൻ തയ്യാറാകാതെ വാതിൽ പൂട്ടി മുറിക്കുള്ളില്‍ ഇരിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോൾ സമൂഹമാധ്യമത്തില്‍ ലൈവ് പങ്കിടുകയും ചെയ്‌തു. പൊലീസ് ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടർന്ന് വാതിൽ പൊളിച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
നിങ്ങള്‍ പൊലീസ് തന്നെയാണോ എന്ന് തൊപ്പി ചോദിക്കുന്നതും യൂണിഫോം കണ്ടില്ലേയെന്ന് പൊലീസ് മറുപടി പറയുന്നതും ലൈവ് ദൃശ്യങ്ങളില്‍ ഉണ്ട്. ഈ സമയം ആയിരക്കണക്കിന് ആളുകൾ 'തൊപ്പി'യുടെ വീഡിയോ തത്സമയം കണ്ടിരുന്നു. ഇതോടെ തൊപ്പിയുടെ ഫോളോവേഴ്‌സ് പൊലീസിനെ തെറിവിളിക്കുന്ന പല കമന്‍റുകളും പോസ്റ്റ് ചെയ്‌തു.
പൊതു പരിപാടിയിൽ അശ്ലീല പദപ്രയോഗങ്ങങ്ങള്‍ നടത്തിയതിനും ഗതാഗത തടസം സൃഷ്‌ടിച്ച് നടത്തിയ പൊതുപരിപാടിയിയിൽ പങ്കെടുത്തതിനും കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിന്നു. ഇതിന് പിന്നാലെയാണ് വളാഞ്ചേരി പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കമ്പ്യൂട്ടറുകൾ ഉൾപ്പടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവയെല്ലാം വിശദമായി പരിശോധനകൾക്ക് വിധേയമാക്കും. തൊപ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഒരു വസ്‌ത്ര വ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിയാണ് തൊപ്പിക്കെതിരായ കേസിന് കാരണമായത്. പരിപാടിക്കിടെ ഇയാള്‍ അശ്ലീല പദപ്രയോഗം നടത്തിയെന്നാണ് വീഡിയോ സഹിതം പരാതി ലഭിച്ചത്. പരിപാടിയില്‍ തൊപ്പി പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്‌ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. വസ്‌ത്ര വ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.
തൊപ്പിയെന്ന് അറിയപ്പെടുന്ന കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാദിന്‍റെ യുട്യൂബ് ചാനലിന് ആയിര കണക്കിന് ഫോളേവേഴ്‌സ് ആണ് ഉള്ളത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളാണ് ഇയാളുടെ യു ട്യൂബ് ചാനൽ കാണുന്നവരിൽ ഭൂരിഭാഗവും. ഇവരെ വഴിതെറ്റിക്കുന്ന രീതിയിൽ തൊപ്പി നടത്തുന്ന ഭാഷ പ്രയോഗത്തെ പൊലീസ് ഗൗരവമായാണ് കാണുന്നത്. ഈയൊരു സാഹചര്യത്തിലാണ് നിലവിലെ പരാതിയിൽ പൊലീസ് അടിയന്തരമായി തുടർ നടപടികളിലേക്ക് കടന്നത്.
തൊപ്പിയുടെ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും അശ്ലീല പദപ്രയോഗങ്ങള്‍ക്കും എതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. അശ്ലീലം കലര്‍ന്ന തൊപ്പിയുടെ ശരീര ഭാഷയും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണം എന്നടക്കം ആവശ്യം ഉന്നയിച്ചാണ് പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. ലൈവ് ഗെയിമിങ് വീഡിയോകളിലൂടെയാണ് തൊപ്പി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സൃഷ്‌ടിച്ചത്.
കുട്ടികളാണ് തൊപ്പിയുടെ ആരാധകരില്‍ ഏറെയും. ഇയാളുടെ മോശം പദപ്രയോഗങ്ങളും അശ്ലീലവും കേള്‍ക്കാന്‍ വേണ്ടിയാണ് തങ്ങള്‍ വീഡിയോ കാണുന്നത് എന്ന തരത്തില്‍ പല കുട്ടികളും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ ഉദ്‌ഘാടനത്തിനെത്തിയ തൊപ്പിയെ കാണാന്‍ തടിച്ചു കൂടിയതും കുട്ടികളായിരുന്നു.