എറണാകുളം: കോതമംഗലത്ത് വിനോദസഞ്ചാര മേഖലയായ ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളുടെ ഷെഡ്ഡുകൾ കാട്ടാനകൾ തകർത്തു. ഭൂതത്താൻകെട്ട് ബാരേജിന് സമീപത്തുള്ള പാലം നിർമ്മാണത്തിന്‍റെ കരാർ പണി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പാണ് ആനക്കൂട്ടം തകർത്തത്.
രാത്രി ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികൾ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് ആനക്കൂട്ടത്തെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടമായെത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.
പട്രോളിങിലുണ്ടായിരുന്ന വനപാലക സംഘത്തിന്റെ സമയോചിതമായ ഇടപെടലും വലിയ അപകടം ഒഴിവാക്കി. ചൊവ്വാഴ്‌ച ആനക്കൂട്ടം തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഓഫീസിന് കേടുപാടുകൾ വരുത്തുകയും ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന തെങ്ങുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഇന്നലെ രാവിലെ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ മണിക്കൂറുകളോളം ആനക്കൂട്ടം തമ്പടിച്ചിരുന്നതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.