എറണാകുളം: നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ സജീവമായി വീണ്ടും കന്യാസ്ത്രീകൾ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ സഹപ്രവർത്തകയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീകളാണ് വാളയാർ പെൺകുട്ടികൾക്ക് വേണ്ടി കൊച്ചിയിലെ സമരവേദിയിലെത്തിയത്. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് കന്യസ്ത്രീകളാണ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ പ്രഖാപിച്ചത്.
മനസ്സിനെ വേദനിപ്പിക്കുന്ന കേട്ടുകേൾവിയില്ലാത്ത ക്രൂരതയ്ക്കാണ് വാളയാർ പെൺകുട്ടികൾ ഇരയായതെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. മാറിയ കാലത്തിന്റെയും സമൂഹത്തിന്റെയും ക്രൂരതകൾ മനസ്സിലാക്കുന്നതിന് മുമ്പാണ് കുട്ടികൾക്ക് ജീവൻ നഷ്‌ടമായത്. സംഭവം സമൂഹത്തെ അമ്പരിപ്പിക്കുന്നതും ധാർമിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന സമൂഹത്തിന് താങ്ങാൻ കഴിയാത്തതുമാണ്. ഈ സംഭവത്തിൽ നീതിപൂർവ്വമായ വിചാരണ നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കേണ്ടത് സമൂഹത്തിന്‍റെ ധാർമികമായ നിലനിൽപ്പിന് ആവശ്യമാണെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
സത്യങ്ങൾക്ക് തെളിവുകളില്ലാതിരിക്കുകയും തെളിവുകളുള്ളത് സത്യങ്ങൾ അല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സത്യത്തിലേക്കുള്ള അന്വേഷണം എത്ര സൂക്ഷ്‌മമായിരിക്കണമെന്ന് അന്വേഷണ സംവിധാനങ്ങൾ ഉൾക്കൊള്ളണം. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയർപ്പിക്കുന്നതായും സിസ്റ്റർ അനുപമ അറിയിച്ചു. എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകൾ നീതിക്ക് വേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങിയത്. രണ്ട് വർഷത്തിന് ശേഷം അതേ കൊച്ചിയിൽ തന്നെയാണ് ഇരകൾക്ക് പിന്തുണയുമായി അഞ്ച് കന്യാസ്ത്രീകൾ സമര രംഗത്തെത്തിയത്.