എറണാകുളം : വളപട്ടണം ഐ.എസ് (Islamic State) കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് എൻ.ഐ.എ (National Investigation Agency). മിധിലാജ് (27), അബ്‌ദുല്‍ റസാഖ് (34), ഹംസ (57) എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജൂലൈ 15 ന് പ്രഖ്യാപിക്കുമെന്ന് എൻ.ഐ.എ കോടതി ചൊവ്വാഴ്‌ച വ്യക്തമാക്കി.
ഒന്നും രണ്ടും അഞ്ചും പ്രതികള്‍ക്കെതിരെയാണ് നടപടി. എൻ.ഐ.എ കോടതി ജഡ്‌ജി അനിൽ കെ ഭാസ്‌കറിന്‍റേതാണ് വിധി. ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു, ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു, ആളുകളെ പ്രേരിപ്പിച്ചു എന്നിങ്ങനെയാണ് ഇവര്‍ക്കെതിരായ കേസ്.
കേസില്‍ 234 രേഖകള്‍, 143 സാക്ഷികള്‍ : ഭീകര സംഘടനയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് സെക്ഷൻ 38, ഭീകര സംഘടനയ്ക്ക് പിന്തുണ നല്‍കിയതിനെതിരായുള്ള യു.എ.പി.എ ആക്‌ട് - സെക്ഷന്‍ 39, ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 120 ബി - ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെയുള്ള വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 15 പേര്‍ ഐ.എസിൽ ചേർന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കണ്ണൂർ വളപട്ടണം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്.
പിന്നീട്, 2017ല്‍ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 2017 ഒക്‌ടോബർ 25 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 234 രേഖകള്‍ സമര്‍പ്പിക്കപ്പെട്ടു. 143 സാക്ഷികളെയും കോടതി വിസ്‌തരിച്ചു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി കസ്റ്റഡിയില്‍ ഉള്ളതിനാല്‍ ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് പ്രതികള്‍ കോടതിയോട് അവശ്യപ്പെട്ടിട്ടുണ്ട്.