എറണാകുളം: പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അച്ഛൻ സനു മോഹനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കങ്ങരപ്പടിയിലെ ഫ്ലാറ്റിലും,മുട്ടാർ പുഴയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ നിന്നും ഇയാൾ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ശ്രീ ഗോകുലം ഹാർമോണിയ ഫ്ലാറ്റിലാണ് ആദ്യം എത്തിച്ചത്.
മകളെ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയെന്നും അന്നേരം മൂക്കിലൂടെ ഒഴുകിയ രക്തം ബെഡ്ഷീറ്റുകൊണ്ട് തുടച്ചെന്നും പ്രതി വിശദീകരിച്ചു. പിന്നീട് മറ്റൊരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വൈഗയെ താഴെ കാറിൽ എത്തിച്ചത് എങ്ങനെയെന്നും സനു മോഹൻ പൊലീസിനോട് വിവരിച്ചു.
വൈഗയുമായി ഫ്ലാറ്റിൽ നിന്നും മുട്ടാർ പുഴയിലേയ്ക്ക് പോകുംവഴി കളമശ്ശേരി മെഡിക്കൽ കോളജിന് സമീപം വഴിയരികിലെ പൊന്തക്കാട്ടിൽ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞെന്നായിരുന്നു സനു മോഹന്‍റെ മൊഴി. ഇയാളെ ഇവിടെ എത്തിച്ച് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ കണ്ടെത്താനായില്ല.
കൂടുതൽ വായനയ്ക്ക്: സനുമോഹന്‍റെ മൊഴി ശാസ്ത്രീയമായി തെളിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍
പിന്നീടാണ് മുട്ടാർ പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മകളെ തള്ളി പുഴയിലിട്ട സ്ഥലം സനു മോഹൻ പൊലീസിന് കാണിച്ചുകൊടുത്തു. വരും ദിവസങ്ങളിൽ സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനങ്ങളിലെത്തിച്ചും തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.