എറണാകുളം: ഗൾഫിൽ ജോലി ചെയ്തിരുന്നപ്പോൾ മിച്ചം പിടിച്ച സമ്പാദ്യം നുള്ളിപ്പെറുക്കിയാണ് സഫിയയും ഭർത്താവ് പരീതും വീടുവയ്ക്കാൻ സ്ഥലം വാങ്ങിയത്. ലീവിൽ എത്തി വീടിന്‍റെ തറ പൂർത്തിയാക്കി വീണ്ടും ഗൾഫിലേക്ക് മടങ്ങി. രണ്ട് മൂന്ന് വർഷം കഴിഞ്ഞ് വീടിന്‍റെ പണി പൂർത്തിയാക്കാൻ എത്തിയപ്പോൾ തങ്ങളുടെ സ്ഥലത്തിന്‍റെ തൊട്ടടുത്ത് ഒരു ഫ്ലാറ്റ് ഉയർന്നു. ഇതിൽ നിന്ന് കക്കൂസ് മാലിന്യവും, അടുക്കള മാലിന്യവു മടക്കം പുരയിടത്തിലേക്ക് ഒഴുകിയെത്തുന്നതിനാൽ ഇവർക്ക് വീടുപണി പൂർത്തിയാക്കാൻ സാധിച്ചില്ല. പരിസരത്ത് ദുർഗന്ധവും, കൊതുകും ഈച്ചയുമെല്ലാമുണ്ട്. പഞ്ചായത്തിലും മറ്റ് അധികാരികൾക്കും പരാതി നൽകിയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇതു വരെയായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. നീതി ലഭിക്കാത്തതിനെ തുടർന്ന് ദുരവസ്ഥ വിവരിച്ച് സാമൂഹിക മാധ്യമത്തിൽ സഫിയ പോസ്‌റ്റിട്ടപ്പോൾ ഫ്ലാറ്റുടുമ മതിൽ കെട്ടി മറക്കാനുള്ള ശ്രമം നടത്തി. നിലവിലെ നിയമങ്ങൾ പാലിച്ചല്ല ഫ്‌ളാറ്റിന്‍റെ കക്കൂസ് കുഴികൾ താഴ്‌ത്തിയിരിക്കുന്നത്.
തകർന്ന് വീഴാറായ ഓടിട്ട കെട്ടിടത്തിൽ മഴയെ തുടർന്ന് ടാർപ്പ കെട്ടിയാണ് സഫിയ കഴിയുന്നത്. ഹൃദ്രോഗിയായ ഭർത്താവിന്‍റെ ഓപ്പറേഷൻ കഴിഞ്ഞതിനാൽ ദുർഗന്ധവും സഹിച്ച് ഈ വീട്ടിൽ കഴിയാൻ പറ്റാത്തതിനാൽ തറവാട്ടുവീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഉമ്മയും, സഫിയയുമാണ് ഇവിടെ കഴിയുന്നത്. ഞങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും പൊതുസമൂഹത്തിന്റെ ഇടപെടലിലാണ് ഇനി ഞങ്ങളുടെ പ്രതീക്ഷയെന്നും സഫിയ പറഞ്ഞു.എന്നാൽ സഫിയയുടെ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്നാണ് ഫ്‌ളാറ്റുടമയുടെ മറുപടി.