കൊച്ചി: ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. കേരളത്തിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങൾ പ്രാർഥന ശുശ്രൂഷകൾ നടന്നു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് എറണാകുളം അങ്കമാലി അതിരൂപത മെത്രോപോലിത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ നേതൃത്വം നൽകി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികളെ പൂർണമായും ഒഴിവാക്കിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പുരോഹിതന്മാർ ഉൾപ്പെടെ അഞ്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
2,000 വർഷങ്ങൾക്ക് മുമ്പ് നന്മ മാത്രം ചെയ്‌ത് കടന്നുപോയ യേശുവിന്‍റെ കുരിശുമരണത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ദുഃഖവെള്ളി ദിനാചരണം. പാപം ചെയ്യാത്ത യേശു ക്രിസ്‌തുവിന് കുരിശുമരണം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിൽ ഇത് മനുഷ്യനും സഹനവും തമ്മിലുള്ള ബന്ധമാണ് പഠിപ്പിക്കുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ പറഞ്ഞു. സഹനത്തിന് മുന്നിലുള്ള മനുഷ്യന്‍റെ ദീനരോധനം ലോകാരംഭം മുതലുള്ളതാണ്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജനങ്ങൾ സഹനത്തിന്‍റെ പാതയിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പ്രയാസം അനുഭവിക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് കാൽവരിയിലെ കുരിശ്. ഇപ്പോൾ അനുഭവിക്കുന്ന സഹനം ക്ഷണികമാണെന്നും എല്ലാം പഴയ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വിശ്വാസികളുടെ അസാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നതെങ്കിലും ഓൺലൈനിലൂടെ ചടങ്ങുകൾ വീക്ഷിക്കാൻ സെന്‍റ് മേരീസ് ബസലിക്ക പള്ളിയിൽ സൗകര്യമേർപ്പെടുത്തിയിരുന്നു. നഗരം ചുറ്റിയുള്ള കുരിശിന്‍റെ വഴിയുൾപ്പടെയുള്ള ചടങ്ങുകളും നിയന്ത്രണങ്ങൾക്ക് വിധേയമായി പള്ളിയിൽ തന്നെ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.