എറണാകുളം: കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഡ്രൈവർമാരെ ഇംപോസിഷന്‍ എഴുതിച്ച് തൃപ്പൂണിത്തുറ പൊലീസ്. 'ഇനി മുതൽ മദ്യപിച്ച് വാഹനമോടിക്കില്ല' എന്ന് 1000 തവണയാണ് ഡ്രൈവർമാരെക്കൊണ്ട് പൊലീസ് എഴുതിച്ചത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചുവെന്ന് കണ്ടെത്തി 16 ഡ്രൈവർമാരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
സ്റ്റേഷന്‍റെ നിലത്തിരുന്ന് പ്രയാസപ്പെട്ട് 1000 തവണ ഇംപോസിഷന്‍ എഴുതിയെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നതിൽ നിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കട്ടേയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയും ഇവരുടെ ലൈസൻസ് മോട്ടോർ വാഹന നിയമപ്രകാരം സസ്പെന്‍ഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പിടിയിലായവരിൽ സ്വകാര്യ ബസ് ഡ്രൈവർമാരും കെഎസ്‌ആർടിസി, സ്‌കൂൾ വാഹന ഡ്രൈവർമാരും ഉൾപ്പെടുന്നു. ഇതില്‍ കെഎസ്‌ആര്‍ടിസി, സ്‌കൂള്‍ ബസ് എന്നീ വാഹനങ്ങളില്‍ നിന്നായി നാല് ഡ്രൈവര്‍മാരാണ് പിടിയിലായത്.
'കർശന നടപടി തുടരും': കഴിഞ്ഞ ദിവസം സ്വകാര്യ ബസ്, കൊച്ചി മാധവ ഫാർമസി ജങ്‌ഷനിൽവച്ച് ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിരുന്നു. ഇതില്‍ ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചതോടെ ഹൈക്കോടതി ഇടപെടുകയും ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെ, കൊച്ചി നഗരപരിധിയിൽ പൊലീസ് വ്യാപക വാഹന പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടയിലും മദ്യപിച്ച് വാഹനമോടിച്ച് ഡ്രൈവർമാർ പിടിയിലായത് ജനങ്ങൾക്ക് വലിയ ആശങ്കയാണ് സൃഷ്‌ടിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവിങ് ലൈസൻസ് സസ്പെന്‍ഡ് ചെയ്‌തവര്‍ പോലും നിയമ വിരുദ്ധമായി വാഹമോടിച്ച സംഭവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നിയമ വിരുദ്ധമായി വാഹമോടിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു