എറണാകുളം: വിമാനവാഹിനി കപ്പലിൽ മോഷണം നടത്തിയ പ്രതികളെ റിമാന്‍റ് ചെയ്തു. കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ബിഹാർ സ്വദേശി സുമിത് കുമാർ സിംഗ്, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരെ ഈ മാസം 24 വരെയാണ് എൻ.ഐ.എ കോടതി റിമാന്‍റ് ചെയ്തത്. പ്രതികളെ പ്രത്യേക കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കി മാറ്റി. പരിശോധനകൾ പൂർത്തിയാക്കി ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക.വിമാന മാർഗം കൊച്ചിയിലെത്തിച്ച പ്രതികളെ എൻ.ഐ.എ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയത്. അതേസമയം ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എൻ.ഐ.എ അടുത്ത ആഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
ഒരു വർഷം മുൻപ് നിർമാണത്തിലിരുന്ന ഐ.എൻ.എസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകളാണ് ഇവർ മോഷണം നടത്തിയത് . കപ്പലിന്‍റെ രൂപരേഖ,യന്ത്രസാമഗ്രികളുടെ വിന്യാസങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പലകാര്യങ്ങളും നഷ്‌ടപ്പെട്ട അഞ്ച് ഹാര്‍ഡ് ഡിസ്‌കുകളിലുണ്ടായിരുന്നുവെന്നാണ് സൂചന.നിർമാണത്തിലിരിക്കുന്ന കപ്പലിലെ പെയിന്‍റിംഗ് തൊഴിലാളികളായിരുന്നു പ്രതികൾ. രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊന്നും കപ്പലിലില്ലെങ്കിലും യുദ്ധ വിമാനക്കപ്പലെന്ന നിലയില്‍ ഇവയുടെ രൂപരേഖകള്‍ ചോര്‍ന്നത് ഗൗരവകരമായി പരിഗണിച്ചുള്ള അന്വേഷണമാണ് എൻ.ഐ.എ നടത്തുന്നത്. നഷ്പെട്ട ഹാർഡ് ഡിസ്കുകൾ ഭൂരിഭാഗവും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലും, ബിഹാറിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം എൻ.ഐ.എ വ്യാപിപ്പിച്ചിരുന്നു. പ്രതികൾ ഹാർഡ് ഡിസ്കുകൾ ഗുജറാത്തിൽ വില്പന നടത്തിയെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടി കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മോഷണത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യം മാത്രമാണുള്ളത്. ചാരപ്രവർത്തനമില്ലെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.