എറണാകുളം: കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട രൂക്ഷമായ അഭിപ്രായ ഭിന്നതയ്‌ക്കിടെ സിറോ മലബാർ സഭാസിനഡ് വെള്ളിയാഴ്‌ച തുടങ്ങും. സഭ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും ഒരു വിഭാഗം വിശ്വാസികളുമാണ് സിനഡ് തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നത്. സഭാസിനഡിലെ ആറു മെത്രാന്മാർ തന്നെ കുർബാന ഏകീകരണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നു.
എറണാകുളം അതിരൂപത ആസ്ഥാന ദേവലായമായ സെന്‍റ് മേരീസ് ബസലിക്ക കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ജില്ല ഭരണകൂടം ഏറ്റെടുത്തിരുന്നു. സിറോ മലബാർ സഭ നിയമിച്ച അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെയും വൈദികരും വിശ്വാസികളും പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് സിറോ മലബാർ സഭാസിനഡ് ജനുവരി ആറിന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ തുടങ്ങുന്നത്.
ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 58 വൈദിക മേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും. കോഴിക്കോട് രൂപതാധ്യക്ഷൻ വർഗീസ് ചക്കാലക്കലിന്‍റെ ധ്യാനചിന്തകളോടെയാണ് മൂന്ന് ദിവസത്തെ സിനഡ് തുടങ്ങുക. ജനുവരി ഒൻപത് തിങ്കളാഴ്‌ച രാവിലെ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും.
14-ാം തീയതി ശനിയാഴ്‌ച സിനഡ് സമ്മേളനം സമാപിക്കും. അതേസമയം എറണാകുളം അതിരൂപത വിശ്വാസികളും വൈദികരും ജനുവരി എട്ടിന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് അതിരൂപത സംരക്ഷണറാലി നടത്തും. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കുക, സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും, പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചുമാണ് അതിരൂപത സംരക്ഷണ റാലി സംഘടിപ്പിക്കുന്നത്.