എറണാകുളം: യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. സഭാ വിഷയത്തിൽ സംസ്ഥാന സർക്കാർ മുതലെടുപ്പ് നടത്തുകയാണെന്നും യാക്കോബായ സഭയെ സഹായിക്കുന്നതിലൂടെ എൽഡിഎഫ് സർക്കാർ യുഡിഎഫിനെയാണ് സഹായിക്കുന്നതെന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രമേയം പാസാക്കി.
കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയുടെ മുൻപിൽ നടന്ന പ്രതിഷേധ യോഗം ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവ ഉദ്ഘാടനം ചെയ്തു. ആറ് ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്. സുപ്രീം കോടതി വിധി വന്നാൽ അനുസരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കാത്തതെന്നും സഭയുടെ നീതിയുടെ വിജയമാണ് സുപ്രീം കോടതി വിധിയെന്നും യോഗത്തിൽ പങ്കെടുത്ത ഡോ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. സമ്മേളനത്തിൽ സഭയുടെ മെത്രാപ്പോലീത്തമാരും വൈദികരുമടക്കം നിരവധി പേർ പങ്കെടുത്തു.