കൊച്ചി: മുളവുകാട് സർവീസ് റോഡിലെ വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിന് കൽവർട്ടുകളുടെ ഉയരം കുറയ്ക്കുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. കണ്ടെയ്നർ റോഡിലെ സർവീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ഥലം സന്ദർശിച്ച് മനസിലാക്കിയ ശേഷമാണ് കലക്ടർ ഇക്കാര്യം പറഞ്ഞത്. റോഡിന്റെ ഉയരത്തിൽ അശാസ്ത്രീയമായ രീതിയിൽ കാന നിർമ്മിക്കുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സർവീസ് റോഡ് ദ്വീപിനോട് ചേർന്ന് തന്നെ വേണമെന്നും വെള്ളം വീടുകളിലേക്ക് കയറുന്നതും ഇഴജന്തുക്കളുടെ ശല്യവും പരഹരിക്കണമെന്ന് പ്രദേശവാസികൾ കലക്ടറോട് ആവശ്യപ്പെട്ടു.
പ്രദേശത്തെ ടോൾ പിരിവ് നിർത്തുന്നതിന് തീരുമാനം എടുക്കാൻ കളക്ടർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കലക്ടർ മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. കണ്ടെയ്നർ റോഡിലെ സർവീസ് റോഡിലെ അനധികൃത പാർക്കിംഗ് തടയുന്നതിനായി ആയി എംഎൽഎ, എംപി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് , ഡ്രൈവേഴ്സ് യൂണിയൻ, ഓപ്പറേറ്റേഴ്സ് യൂണിയൻ, ഗ്രാമ പഞ്ചായത്ത് എന്നിവരെ ഉൾപ്പെടുത്തി ഉടൻതന്നെ യോഗം വിളിക്കും. പട്ടാള ക്യാമ്പ് മുതൽ തണ്ടാശ്ശേരി വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നേരിട്ട് സന്ദർശനം നടത്തി വിലയിരുത്തുമെന്നും കലക്ടർ വ്യക്തമാക്കി.
മുളവുകാട് നോർത്തിൽ നിർമ്മിച്ചിരിക്കുന്ന അടിപ്പാത റോഡുമായി ബന്ധിപ്പിക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ പറഞ്ഞു. മുളവുകാട് പൊലീസ് സ്റ്റേഷൻ മുതൽ മുതൽ മുളവുകാട് നോർത്ത് വരെയുള്ള രണ്ടാംഘട്ട സർവീസ് റോഡ് നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ പഞ്ചായത്ത് പ്രസിഡന്‍റിനോട് കലക്ടർ ആവശ്യപ്പെട്ടു.