എറണാകുളം : തിരുപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളിൽ സിറോ മലബാർ സഭയിൽ ഭിന്നത. കർദിനാൾ പങ്കെടുത്ത കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ അൾത്താര അഭിമുഖമായി കുർബാന നടന്നപ്പോള്‍, എറണാകുളം ബസിലിക്കയിൽ ജനാഭിമുഖമായാണ് കുർബാന നടന്നത്. പാതിര കുർബാനയിലും സിറോ മലബാർ സഭയിലെ വ്യത്യസ്‌ത പള്ളികളിൽ അൾത്താരാഭിമുഖമായും ജനാഭിമുഖമായുമാണ് കുർബാന നടന്നത്.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ പൂർണമായും ജനാഭിമുഖ കുർബാനയാണ് നടന്നത്. ഇതോടെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാവുകയാണ്. സമാധാനമില്ലാത്ത സഭ ക്രിസ്‌തുവിന് നിരക്കുന്നതല്ലെന്ന് ക്രിസ്‌മസ് സന്ദേശത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. ജ്ഞാനികൾക്ക് ബദലായി പ്രവർത്തിക്കുന്നവർ സമൂഹത്തിലുണ്ട്.
ALSO READ | Omicron Kerala | സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ രോഗി ആശുപത്രി വിട്ടു; എട്ട് പേര്‍ക്ക് കൂടി രോഗം
ഇത്തരക്കാരെ സൂക്ഷിക്കണമെന്നും കുർബാന ഏകീകരണത്തിനെതിരായ നീക്കങ്ങളെ ക്രിസ്‌മസ് സന്ദേശത്തിൽ കർദിനാൾ വിമർശിച്ചു. കുർബാന ഏകീകരണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികർ ഉപവാസ സമരം തുടങ്ങി.
ക്രിസ്‌മസ് ദിനം വൈകുന്നേരം മൂന്ന് മണി വരെയാണ് ഉപവാസവും പ്രാർഥനയും നടക്കുക. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് വൈദികരുടെ ആവശ്യം. അൾത്താര അഭിമുഖ കുർബാന അനുവദിക്കില്ലെന്നും വൈദികർ വ്യക്തമാക്കി.