എറണാകുളം : സിറോ മലബാർ സഭാ സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത വൈദിക കൂട്ടായ്മ. കുർബാന രീതി പരിഷ്‌കരിക്കാനുള്ള തീരുമാനം അംഗീകരിക്കില്ല. നിലവിൽ തുടരുന്ന ജനാഭിമുഖ കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ തുടരുമെന്ന് വൈദിക കൂട്ടായ്മ പ്രഖ്യാപിച്ചു.
അൾത്താരാഭിമുഖ കുർബാന അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഏത് അറ്റം വരെയും പോകുമെന്ന് വൈദികർ അറിയിച്ചു. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് നൽകിയ പരാതിയിൽ പ്രതീക്ഷയുണ്ട്.
വത്തിക്കാൻ ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്. സിറോ മലബാർ സഭയുടെ സിനഡ് ചതിയിലൂടെയാണ് അൾത്താരഭിമുഖ കുര്‍ബാന നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും വൈദികർ ആരോപിച്ചു.
Also Read: 'മിനിമം ചാര്‍ജ് 12 ഉം വിദ്യാര്‍ഥികളുടേത് 6 ഉം ആക്കണം' ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
പതിനാറിലധികം മെത്രാൻമാർ സിനഡ് യോഗത്തിൽ കുർബാന പരിഷ്കരണത്തിനെതിരെ അഭിപ്രായമറിയിച്ചിരുന്നു. എന്നാൽ ഈ കാര്യം സിറോ മലബാർ സഭ സിനഡ് മറച്ചുവയ്ക്കുകയായിരുന്നു.
ഏകകണ്ഠമായി കുർബാന പരിഷ്‌കരിക്കാന്‍ തീരുമാനിച്ചുവെന്നത് ശരിയല്ലെന്നും അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
വിശ്വാസികൾക്കിടയിൽ അനൈക്യമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിൽ കൽദായ ലോബിയാണെന്നും വൈദികർ ആരോപിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും കൂട്ടായ്മയിൽ പങ്കെടുത്തു.