എറണാകുളം: നെടുമ്പാശേരി കരിയാട് ബേക്കറിയിൽ കയറി അതിക്രമം നടത്തിയ എസ്ഐക്കെതിരെ നടപടി (Suspension for SI who broke into a shop in Nedumbassery). ഗ്രേഡ് എസ് ഐ സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്‌തത്. കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾബാർ എന്ന സ്ഥാപനത്തിന്‍റെ ഉടമയെ മർദിച്ച കേസിലാണ് എസ്ഐക്കെതിരെ നടപടി.
പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ബുധനാഴ്‌ച (സെപ്‌റ്റംബർ 20) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ സുനിലിന്‍റെ മർദനത്തിൽ കുഞ്ഞുമോൻ, ഭാര്യ എൽബി, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്‌ച രാത്രി കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾബാർ പൂട്ടി മടങ്ങാനിരിക്കെ ഉടമയെയും ജീവനക്കാരനെയും ഉൾപ്പെടെ എസ് ഐ അകാരണമായി മർദിച്ചെന്നായിരുന്നു പരാതി.
READ ALSO: Video | രാത്രി വീട്ടിൽ അതിക്രമിച്ചുകയറി മര്‍ദിച്ചു; പൊലീസുകാര്‍ക്കെതിരെ പരാതി
എസ്ഐ സുനിലാണ് ആക്രമണം നടത്തിതെന്നും സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും കടയുടമ കുഞ്ഞുമോൻ ആരോപിച്ചിരുന്നു. തന്‍റെ ആറ് വയസുള്ള മകളുടെ മുന്നിൽ വെച്ചായിരുന്നു പൊലീസുകാരൻ മർദിച്ചതെന്നും കുഞ്ഞുമോൻ വ്യക്തമാക്കി. എസ്‌ഐയുടെ പ്രവർത്തി തനിക്കും മകൾക്കും വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും കുഞ്ഞുമോൻ പറഞ്ഞിരുന്നു.
രാത്രി കട അടയ്‌ക്കാൻ ഒരുങ്ങുമ്പോൾ കൺട്രോൾ റൂം വാഹനത്തിൽ എത്തിയ എസ്ഐ സുനിൽ വീട്ടിൽ പോടായെന്ന് ആക്രോശിച്ച് ചൂരൽ വടി കൊണ്ട് അവിടെ ഉണ്ടായിരുന്നവരെ പൊതിരെ തല്ലുകയായിരുന്നു. ഈ സമയം പൊലീസ് വാഹനത്തിൽ ഡ്രൈവറും ഉണ്ടായിരുന്നെന്ന് കുഞ്ഞുമോൻ പറഞ്ഞു. കുഞ്ഞുമോൻ, ഭാര്യ എൽബി, സഹായി ബൈജു, വ്യാപാരി ജോണി എന്നിവരുടെ ശരീരത്തിൽ ചൂരൽ കൊണ്ട് മർദനം ഏറ്റതിന്‍റെ പാടുകളുണ്ട്.
നാട്ടുകാർ ചേർന്ന് എസ്ഐയെ തടഞ്ഞ് വച്ചതിനെ തുടർന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തുകയും മദ്യപിച്ചതായി കണ്ടെത്തുകയും ആയിരുന്നു. ആലുവ റൂറൽ എസ്‌പി വിവേക് കുമാറാണ് എസ്ഐ സുനിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്‌തത് (Suspension for SI in Nedumbassery). പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും എസ്‌പി വിവേക് കുമാർ അറിയിച്ചു.
കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ചത് പ്രകാരമാണ് താൻ സ്ഥലത്ത് എത്തിയതെന്നാണ് എസ്ഐ നേരത്തെ മൊഴി നൽകിയത്. ഈയൊരു സാഹചര്യത്തിൽ ഇവരോട് വീട്ടിൽ പോകാൻ പറയുക മാത്രമാണ് ചെയ്‌തതെന്നും ഇയാൾ വാദിച്ചിരുന്നു.