എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷന്‍ അസിസ്റ്റന്‍റ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ, ആർ.ഡി.എസ് കമ്പനിയുടമ സുമിത് ഗോയൽ എന്നിവരുടെ ഹർജികളാണ് വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിനായി സർക്കാരിനോട് അനുവാദം തേടിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കണ്ടെത്താനുണ്ടെന്നും നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്. എട്ടേകാൽ കോടി മുൻകൂർ നൽകാൻ ഉത്തരവിട്ടത് മുൻമന്ത്രിയാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസിൽ മന്ത്രിയും ഉത്തരവാദിയാണെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സർക്കാരിനോട് അനുമതി തേടിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം തുടങ്ങുന്നതിന് മുൻപ് സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്ത്രി ഫയലിൽ എഴുതിയെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും പാലാരിവട്ടം കേസിൽ വിജിലൻസ് കസ്റ്റഡിയിലുള്ള ടി.ഒ സൂരജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് മുപ്പതിനാണ് വിജിലൻസ് ടി.ഒ സൂരജ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ കിറ്റ്‌കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.