എറണാകുളം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടനാട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തി. 1964ന് ശേഷം ആദ്യമായാണ് ഓർത്തഡോക്സ് വിഭാഗത്തിലുള്ള മെത്രാപ്പോലീത്ത കണ്ടനാട് പള്ളിയിൽ കുര്‍ബാന അര്‍പ്പിക്കുന്നത്. രാവിലെ നാല് മണിക്കാണ് വിശ്വാസികൾ പള്ളിയിലെത്തിയത്. ഓര്‍ത്തഡോക്സ് വിഭാഗം ദ്രാസനം മെത്രാപൊലീത്ത മാത്യൂസ് മാർ സേവേറിയോസിന്‍റെ നേതൃത്വത്തിലായിരുന്നു കുർബാന. കനത്ത പൊലീസ് സുരക്ഷയിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കുര്‍ബാന തീരുന്നതുവരെ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
1934ലെ ഭരണഘടന അനുസരിച്ചിട്ടും ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. സുപ്രീംകോടതി വിധി നടപ്പായതിൽ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച ഇടവക അംഗങ്ങൾക്കും പൊലീസിനും നന്ദി അറിയിക്കുന്നതായും ഓർത്തഡോക്സ് മെത്രാപ്പൊലീത്ത പറഞ്ഞു.
ഇടവകയിലെ എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും 1934 ലെ ഭരണഘടന അനുസരിക്കുന്ന ആർക്കും പള്ളിയിൽ പ്രവേശിക്കാമെന്നും ബുധനാഴ്ച പിറവം പള്ളിയിൽ പ്രാർഥന നടത്തുമെന്നും മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ തെറ്റില്ലെന്നും, എന്നാൽ അത് ഏകപക്ഷീയമാകരുതെന്നും യാക്കോബായ വിഭാഗം അഭിപ്രായപ്പെട്ടു. അതേസമയം രാവിലെ സമാധാനപരമായി കുർബാനക്ക് എത്തിയ വിശ്വാസികളെ പൊതുവഴിയിൽ പൊലീസ് തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും കണ്ടനാട് പള്ളി മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു. ആരാധന കഴിഞ്ഞ് പള്ളിയിലെ സെമിത്തേരിയിൽ പോലും പ്രവേശിപ്പിക്കാതെ പൊലീസ് പൊതുവഴിയിൽ ബാരിക്കേഡ് തീർത്ത് ബുദ്ധിമുട്ടുണ്ടാക്കിയതായും യാക്കോബായ വിഭാഗം ആരോപിച്ചു. പള്ളിയിൽ കയറി പ്രാർഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികൾ ഇപ്പോഴും പള്ളിക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്.