എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ വനിത ഡോക്‌ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45നാണ് സിറ്റിങ് നടത്തുക. വേനലവധിയായതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്.
സംഭവത്തെ തുടര്‍ന്ന് മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചു. ഇന്‍റേണുകൾ, ഹൗസ് സർജൻസ് എന്നിവർക്ക് സുരക്ഷ ഉറപ്പുവരുത്തണം. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും നൽകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ സ്വമേധയ കേസെടുത്ത മനുഷ്യവകാശ കമ്മിഷന്‍ ഒരാഴ്‌ചക്കകം വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ല മേധാവിക്ക് നിര്‍ദേശം നല്‍കി.
ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി സ്വദേശി സന്ദീപാണ് ജോലിക്കിടെ വനിത ഡോക്‌ടറെ കുത്തികൊലപ്പെടുത്തിയത്. കോട്ടയം സ്വദേശിയായ ഡോക്‌ടര്‍ വന്ദന ദാസാണ് മരിച്ചത്.
അയല്‍വാസികളുമായി അടിപിടി കൂടിയതിനെ തുടര്‍ന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അടിപിടിക്കിടെ കാലിന് പരിക്കേറ്റ ഇയാളെ പൊലീസ് ഉദ്യോഗസ്ഥര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെയാണ് ഇയാള്‍ ആക്രമണം നടത്തിയത്.
ആശുപത്രിയില്‍ നിന്ന് കത്രിക എടുത്ത പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അതിന് പിന്നാലെ ഡോക്‌ടറെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നെഞ്ചിലും കഴുത്തിലും അടക്കം ഡോക്‌ടര്‍ക്ക് കുത്തേറ്റിരുന്നു. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ ഡോക്‌ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പൊലീസുകാര്‍ക്കും പരിക്ക്: ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഹോം ഗാര്‍ഡായ അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ മണിലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയിരുന്നത്.
പ്രതി സന്ദീപ് ലഹരിക്ക് അടിമ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടറെ കുത്തികൊലപ്പെടുത്തി പ്രതി സന്ദീപ് ലഹരിയ്‌ക്ക് അടിമയാണെന്ന് കൊല്ലം പൊലീസ്. കൊല്ലത്ത് എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ച് സ്‌കൂളിലെത്തുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഇതോടെ സ്‌കൂളില്‍ നിന്നും ഇയാളെ പുറത്താക്കി.
ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍: കൊട്ടാരക്കര പൊലീസ് പ്രതി സന്ദീപിനെ കൈവിലങ്ങ് അണിയിക്കാതെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ആക്രമണത്തിന് സാക്ഷികളായ ആളുകള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ ഇയാള്‍ ആക്രമണ സ്വഭാവം കാണിച്ചിരുന്നെന്നും എന്നാല്‍ കാലിലുണ്ടായ മുറിവില്‍ സ്റ്റിച്ചിടാന്‍ ഡോക്‌ടര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടത്തിയത്.
പ്രതിഷേധവുമായി ഐഎംഎ: ഡോക്‌ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. സംസ്ഥാനമൊട്ടാകെയുള്ള മുഴുവന്‍ ഡോക്‌ടര്‍മാരും നാളെ പണിമുടക്കും. അത്യാഹിത വിഭാഗങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തി നാളെ രാവിലെ എട്ട് മണി വരെ സംഘം പണിമുടക്കും.