എറണാകുളം: സാഹസികതയ്ക്ക് മലയാള ഭാഷയിൽ ഏവർക്കും അറിയാവുന്ന ഒരു പര്യായപദം വാവ സുരേഷ്. ഉഗ്ര വിഷമുള്ള സർപ്പങ്ങളെ സധൈര്യം പിടികൂടുന്ന വാവ സുരേഷിനെ മലയാളികൾ ആരാധനയോടെ നോക്കി കാണുന്നു. പാമ്പുപിടുത്തം വാവ സുരേഷിന് ഒരു തൊഴിലല്ല. മറിച്ച് സർപ്പമെന്ന ഉരഗ ജീവി വർഗത്തിന്‍റെ രക്ഷകൻ കൂടിയാണ് വാവ സുരേഷ് (Vava Suresh).
വാവ സുരേഷിന്‍റെ പ്രവർത്തികൾ കേരള കരയിലെ ജനഹൃദയങ്ങളിൽ നന്മയുടെ പുതുചിത്രം കുറിച്ചപ്പോൾ പാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുന്ന സ്വഭാവം ഭൂരിഭാഗം മലയാളികളും ഉപേക്ഷിച്ചു. പാമ്പിനെ കണ്ടാൽ ഭയന്ന് വിറച്ചിരുന്നവർ ഒരു സാധാരണ ജീവി വർഗത്തെ പോലെ പാമ്പിനെ ഇന്ന് നോക്കികാണുന്നു. വാവ സുരേഷ് എന്ന നിസ്വാർഥ സാമൂഹിക സേവകന്‍റെ പ്രവർത്തികൾ ഫലം കണ്ടിരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത് (Snake Expert Vava Suresh) .
ഇടിവി ഭാരതത്തിന്‍റെ പ്രേക്ഷകർക്ക് ഒരു സന്ദേശവുമായാണ് ഇപ്പോള്‍ വാവ സുരേഷ് എത്തിയിട്ടുള്ളത്. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങൾ പാമ്പുകൾ ഇണ ചേരുന്നതിനും മുട്ടയിടുന്നതിനും അനുയോജ്യ കാലാവസ്ഥയാണ്. ആയതിനാൽ ഇക്കാലയളവിൽ പാമ്പുകൾ തങ്ങളുടെ ഉഗ്രസ്വഭാവം പുറത്തു കാണിക്കും. ശീത രക്തം ഉള്ള ജീവിവർഗം ആയതുകൊണ്ട് തന്നെ തണുപ്പിന് പകരം ചൂടും ചൂടിന് പകരം തണുപ്പും തേടി ഈ സമയങ്ങളിൽ തീവ്ര സ്വഭാവത്തോടെ പാമ്പുകൾ പറമ്പിലും മറ്റു സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടും (Advise Of Vava Suresh About Snake).
അതുകൊണ്ട് പ്രിയപ്പെട്ട പ്രേക്ഷകർ / വായനക്കാർ രാത്രി കാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ നല്ല പ്രകാശം ഉള്ള ഒരു ടോർച്ച് കൂടെ കരുതാൻ ശ്രദ്ധിക്കണം. തറയിൽ കാലൊച്ച സൃഷ്‌ടിച്ച് തന്നെ പരമാവധി നടക്കുവാനും ശ്രമിക്കണം. പുതിയ കാലത്ത് കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ് മൊബൈൽ ഫോണിന്‍റെ വെളിച്ചം തെളിച്ചുള്ള രാത്രിക്കാല നടത്തം. മൊബൈൽ ഫോണിന്‍റെ വെളിച്ചം സത്യത്തിൽ പുല്ലിനിടയിൽ ഒളിച്ചിരിക്കുന്ന ഉഗ്രസര്‍പ്പത്തെ കൃത്യമായി ശ്രദ്ധയിൽപ്പെടുത്താൻ സഹായിച്ചുവെന്ന് വരില്ല (Indian Wildlife Conservationist Vava Suresh).
100 രൂപ വിലയുള്ള ഒരു ടോർച്ച് തന്നെയാണ് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഉത്തമം. പറമ്പും പരിസരവും ഇക്കാലയളവിൽ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പാമ്പുകൾക്ക് വാസസ്ഥലം ഒരുക്കുന്ന തരത്തിൽ യാതൊരു സാധ്യതയും സൃഷ്‌ടിക്കാൻ പാടില്ല. അഥവാ പാമ്പിനെ കണ്ടാല്‍ പേടിക്കേണ്ട കാര്യവുമില്ല. ഉപദ്രവിക്കാൻ ശ്രമിക്കാതെ ഒഴിഞ്ഞു പോയാൽ പാമ്പ് സുരക്ഷിത താവളം നേടി ആ പ്രദേശം തീർച്ചയായും വിടുമെന്നും വാവ സുരേഷ് പറയുന്നു.
നഗരങ്ങളിലെ ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്‌മെന്‍റുകളിലും അങ്ങിങ്ങായി ഇപ്പോൾ പാമ്പുകളെ കണ്ടുവരുന്നുണ്ട്. അതിന് കാരണം ഫ്ലാറ്റുകളുടെയും അപ്പാർട്ട്‌മെന്‍റുകളുടെയും ഒരു മതിലിനപ്പുറം പൊതുവെ കാടായിരിക്കും. മതിലിന്‍റെ ദ്വാരത്തിലൂടെയോ ഗേറ്റിലൂടെയോ വേഗത്തില്‍ പാമ്പുകൾക്ക് അകത്ത് വരാനും സാധിക്കും (Vava Suresh With Cobra).
പിന്നെ മറ്റൊരു സാധ്യത വാഹനങ്ങളുടെ അടിഭാഗത്ത് പറ്റിപ്പിടിച്ച് അകത്തേക്ക് വരാവുന്ന മാതൃകയാണ്. റോഡിന് വശത്തും പറമ്പിലുമെല്ലാം ഒതുക്കി ഇടുന്ന വാഹനങ്ങളില്‍ പാമ്പുകൾ ചൂട് ലഭിക്കാനായി കയറികൂടും. ഇത്തരം പാമ്പുകൾ ഒന്നും തന്നെ ജനങ്ങൾ കരുതും പോലെ ആക്രമണ സ്വഭാവം പ്രകടിപ്പിക്കാറില്ല. അങ്ങോട്ട് ഉപദ്രവിച്ചില്ലെങ്കിൽ അതിന് പുറത്തു പോകേണ്ട വഴി അതുതന്നെ കണ്ടെത്തും. ഇനിയും സാധിച്ചില്ലെങ്കിൽ ഫോറസ്റ്റ് സംവിധാനങ്ങളുണ്ട് അതിലുപരി വാവ സുരേഷും.