കൊച്ചി: എറണാകുളം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍റെ ഉൾപ്പടെ ആറ് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ കണ്ണൂർ സ്വദേശികളായ മൂന്നംഗ കുടുംബത്തിനൊപ്പം ബ്രിട്ടീഷ് യാത്രാസംഘത്തിൽപ്പെട്ട 76 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. ഇവരുടെ ഡിസ്‌ചാർജ് അടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. എച്ച്ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോനാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് ബ്രിട്ടീഷ് പൗരന് ഏഴ് ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ തന്നെ ഫലം നെഗറ്റീവായിരുന്നു.
മാർച്ച് 23ന് ലഭിച്ച സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൂന്നാറിൽ ക്വാറന്‍റൈനിലായിരിക്കെ അനധികൃതമായി ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് പൗരനെയും സംഘത്തെയും കണ്ടെത്തി ആരോഗ്യവകുപ്പ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.