എറണാകുളം: സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് സ്വർണക്കടത്ത് കേസിൽ എൻഐഎ ശിവശങ്കറിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിയത്. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ഫോൺ ചാറ്റുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് എൻഐഎയുടെ പുതിയ നീക്കം. നിലവിൽ സ്വപ്ന സുരേഷ് എൻഐഎയുടെ കസ്റ്റഡിയിലാണുള്ളത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.
നേരത്തെ തിരുവനന്തപുരം പൊലീസ് ക്ലബിലും, എൻഐഎ ഓഫീസിലും രണ്ട് ദിവസങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലിൽ, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല. അതേസമയം പുതുതായി ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ന് നടക്കുന്ന ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്. ഇത്തവണ കൂടി ശിവശങ്കറിനെ വിട്ടയക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന് ലഭിക്കുന്ന ക്ലീൻ ചിറ്റ് കൂടിയാകും.
സ്വപ്‌നയുമായുള്ളത് സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. സൗഹൃദത്തെ കള്ളകടത്തിന് ഏതെങ്കിലും തരത്തിൽ ഇവര്‍ ഉപയോഗിച്ചോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.