എറണാകുളം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ആദ്യ ബലാത്സംഗ കേസിലെ സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കടുത്തുരുത്തി പൊലീസിനു നൽകിയ സാക്ഷിമൊഴിയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉള്ളത്. ബിഷപ്പിനെതിരെ പരാതി നൽകാൻ ഭയമുള്ളതിനാലാണ് നാളിതുവരെ പരാതി നൽകാത്തതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
മീഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത് . കോൺവെന്‍റിലെ ആവശ്യങ്ങൾക്ക് വേണ്ടി ബിഷപ്പുമായി സംസാരിച്ച് തുടങ്ങുകയും പിന്നീടത് സൗഹൃദമായി വളരുകയുമായിരുന്നു. 2015 മുതൽ 2017 വരെ ഫോൺ ചെയ്യുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ബിഷപ്പ് അശ്ലീല ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ തനിക്ക് സംസാരിക്കാൻ താല്പര്യമില്ലാതായി. മറ്റൊരു പരാതിയുമായി ബന്ധപെട്ട് താൻ താമസിക്കുന്ന കോൺവെന്‍റിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്തിയിരുന്നു. അന്നു രാത്രി മുറിയിലേക്ക് വിളിച്ച് സംസാരിച്ച് തിരിച്ചു വരുന്നതിനിടെ ബിഷപ്പ് കടന്നുപിടിക്കാൻ ശ്രമിച്ചു. വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ ഫ്രാങ്കോ നിർബന്ധിച്ചെന്നും മൊഴിയിലുണ്ട്.
ബിഹാറിൽ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴി. 2018 സെപ്തംബർ ഒന്‍പതിനാണ് കന്യാസ്ത്രീ മൊഴി നൽകിയത്. എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇവർക്കെതിരെ നീക്കങ്ങൾ നടത്തുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മൊഴി പകർപ്പ് പുറത്തു വിടാൻ കന്യാസ്ത്രീയുമായി ബന്ധപ്പെട്ടവർ തയ്യാറായത്.