എറണാകുളം: കണ്ണൂർ സർവകലാശാലയിൽ ശാസ്‌ത്ര കോൺഗ്രസിനിടെ ഗവർണർക്കെതിരെയുണ്ടായ കൈയേറ്റ ശ്രമത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. കണ്ണൂർ സ്വദേശിയും അഭിഭാഷകനുമായ കെ.വി മനോജ് കുമാറാണ് ഹർജിക്കാരൻ. ശാസ്‌ത്ര കോൺഗ്രസിനിടെ തനിക്ക് നേരെ ആക്രമണ ശ്രമമുണ്ടായതായി ഡൽഹിയിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനാണ് ആസൂത്രകൻ എന്നായിരുന്നു ഗവർണറുടെ ആരോപണം. ഈ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ കണ്ണൂർ പൊലീസിന് പരാതി നൽകി. പൊലീസ് നടപടി എടുക്കാഞ്ഞതിനെ തുടർന്ന് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ പരാതിക്കാരന്‍റെയും ഗവർണർ ഉൾപ്പെടെയുള്ളവരുടെയും മൊഴി രേഖപ്പെടുത്താനായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കി പൊലീസിന് നൽകിയ പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നൽകണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജിക്കാരൻ പൊലീസിനും മജിസ്‌ട്രേറ്റ് കോടതിയ്‌ക്കും പരാതി നൽകിയത്.
2019 ഡിസംബർ 29 നായിരുന്നു കണ്ണൂർ സർവകലാശാലയിൽ ശാസ്‌ത്ര കോൺഗ്രസിനിടെ ഗവർണർക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായത്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.