എറണാകുളം: ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്‍ററി സ്‌കൂൾ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പിറ്റിഎ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം. കോതമംഗലം താലൂക്കിലെ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്‍ററി സ്‌കൂൾ പരിസരത്ത് സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവിൽ മാലിന്യം തള്ളുകയും ദുർഗന്ധം വമിച്ച് റോഡിലൂടെ നടക്കാൻ പോലും കഴിയാതെയും വന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇവിടെ മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടർന്ന് സിസിടിവി ക്യാമറ സ്ഥാപിക്കുകയും ഇതുവഴി മാലിന്യം നിക്ഷേപിക്കുന്നത് തടയാനും സാധിച്ചിരുന്നു. എന്നാൽ, ക്യാമറ കേടായതിന് ശേഷം സാമൂഹ്യവിരുദ്ധര്‍ വീണ്ടും രാത്രിയുടെ മറവിൽ ഇറച്ചി, മീൻ, പച്ചക്കറി തുടങ്ങിയവയുടെ മാലിന്യങ്ങൾ സ്‌കൂൾ പരിസരത്ത് നിക്ഷേപിക്കാൻ തുടങ്ങി. ഇതിനെതിരെ പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകണമെന്നാണ് പിറ്റിഎ ഭാരവാഹികളുടെ ആവശ്യം. കൊവിഡ് 19 പശ്ചാത്തലത്തിൽ ശുചിത്വം പാലിക്കേണ്ടതിന്‍റെ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നവരെ കണ്ടുപിടിച്ച് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.