എറണാകുളം: സനു മോഹൻ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു. പ്രതിയുടെ കുറ്റസമ്മത മൊഴി ശാസ്ത്രീയമായി തെളിയിക്കാനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഏതു രീതിയിലാണ് കൊല നടത്തിയത് എന്നതിന് കുറച്ച് കൂടി തെളിവുകൾ ആവശ്യമുണ്ട്. കെമിക്കൽ ലാബിൽ നിന്ന് ലഭിച്ച കുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലമുൾപ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴി നൽകുകയും മൊഴിമാറ്റി പറയുകയും ചെയ്യുന്നുവെന്നും കമ്മിഷണർ പറഞ്ഞു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കണം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും. കട ബാധ്യതയെ തുടർന്നാണ് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പ്രതി സനു മോഹനൻ മൊഴി നൽകിയത്. മകളെ കൊലപ്പെടുത്തിയെങ്കിലും പ്രതിക്ക് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ലന്നും പ്രതി വ്യക്തമാക്കിയിട്ടുണ്ട് എന്നാൽ ഈ കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. മറ്റാർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്നും കമ്മിഷണർ നാഗരാജു പറഞ്ഞു.
ആസൂത്രണം നടത്തിയാണ് കൊല നടത്തിയത്. ഇതിനു ശേഷം സ്വന്തം കാറിൽ വാളായർ ചെക്ക്പോസ്റ്റ് കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിച്ചത്. ഒളിവിൽ പോയ പ്രതിയുടെ സ്ഥലം കണ്ടെത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ പ്രതി ഫോൺ ഉൾപ്പെടെ ഉപയോഗിച്ചിരുന്നില്ല.
ഒരേ സമയം കർണ്ണാടകയിൽ അഞ്ചിടങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പൊലീസിന് പ്രതിയിലേക്ക് എത്തിചേരാൻ കഴിഞ്ഞത്. പ്രതി സഞ്ചരിച്ച കാർ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. അമ്പതിനായിരം രൂപയ്ക്ക് കാർ വില്പന നടത്തിയെന്നും കണ്ടെത്തി. ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്നാണ് പ്രതി മൊഴിനൽകിയത്.
ഫ്ലാറ്റിൽ കണ്ടെത്തിയ രക്തകറ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതി ആരെയെങ്കിലും ഭയപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടില്ല. കസ്റ്റഡിയിലെടുക്കുന്ന വേളയിൽ പ്രതിയുടെ കയ്യിൽ പണമൊന്നുമുണ്ടായിട്ടില്ല. ആധാർ കാർഡ് മാത്രമാണ് ലഭിച്ചതെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.