എറണാകുളം : ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ജൂൺ രണ്ടാം വാരത്തോടെ അന്വേഷണം പൂർത്തിയാകും. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 14 ഗാഡ്ജെറ്റുകളുടെ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
ഫോറൻസിക് പരിശോധന ഉടൻ പൂർത്തിയാക്കണമെന്ന് ജസ്‌റ്റിസ് ഡോക്‌ടർ കൗസർ എടപ്പഗത്ത് നിർദേശിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂരിനെതിരായാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരേണ്ടതാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു.
തെളിവില്ലെന്ന് സൈബി : പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടുകൂടി കക്ഷികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്.
അതേസമയം, കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിന്‍റെ തുടക്കത്തില്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണം വൈകിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചു. എന്നാല്‍ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ അടക്കമുള്ള ഇലക്‌ട്രോണിക് തെളിവുകളുടെ ശാസ്‌ത്രീയ പരിശോധനാഫലം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിശോധിച്ചു. 137 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി കോടതി വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും. പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലുള്‍പ്പടെ തനിക്കെതിരെ തെളിവില്ലെന്നായിരുന്നു സൈബി ജോസിന്‍റെ വാദം.
കോഴ വാങ്ങിയത് ലക്ഷങ്ങള്‍ : അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും അനുകൂല വിധിയും വാങ്ങി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് കക്ഷികളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇത്തരത്തില്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണം മുന്‍നിര്‍ത്തിയാണ് കേസ്. സൈബിക്ക് എതിരായി നാല് അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ സൈബി വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വാദം.
അതേസമയം,എതെങ്കിലും ജഡ്‌ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ താന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും കക്ഷികളുടെ കൈയ്യില്‍ നിന്ന് വാങ്ങിയത് കേസുകളിലെ അഭിഭാഷക ഫീസ് മാത്രമാണെന്നുമാണ് ഹൈക്കോടതി വിജിലന്‍സിന് മുമ്പാകെ അഭിഭാഷകന്‍ സൈബി ജോസ് മൊഴി നല്‍കിയത്.