എറണാകുളം : ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ആക്രമണം നടത്തിയ റിട്ടയേർഡ് എസ്.ഐ. പോളിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പോൾ മദ്യപിച്ച് ഭാര്യയെയും മകളെയും ആക്രമിക്കുന്നതായി പൊലീസ് കൺട്രോൾ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഏലൂർ സ്റ്റേഷനിൽ നിന്ന് എഎസ്ഐ സുനിൽ കുമാറും സംഘവും വീട്ടിലെത്തിയത് (Retired SI Attacks ASI).
ഈ സമയം പോൾ വാതിലടച്ച് മുറിയിൽ ഇരിക്കുകയായിരുന്നു. പൊടുന്നനെ കത്തിയുമായി പുറത്തിറങ്ങിയ പോൾ പൊലീസുകാരെ വെട്ടാൻ ശ്രമിച്ചു. ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എ.എസ്.ഐ സുനിൽ കുമാറിന് കയ്യിൽ ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച സുനിൽ കുമാറിനെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി (Retired SI Arrested For Attacking ASI in Ernakulam Eloor).
രണ്ടാമതും ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ലഭ്യമായ വിവരം. പിന്നീട് കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തി ബലപ്രയോഗത്തിലൂടെ പോളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് റിട്ടയേർഡ് എസ്.ഐ പോൾ (Crimebranch Retired SI Paul) സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുമായിരുന്നു. ഇന്ന് ഇയാൾ കൂടുതൽ ആക്രമാസക്തനായതോടെയാണ് മകൾ പൊലീസിൽ വിവരമറിയിച്ചത്.