എറണാകുളം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിൽ ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പുറെപ്പെടുവിപ്പിച്ചത്. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.
എഫ്സിആർഎ നിയമം ബാധകമാണോയെന്ന ചോദ്യം പ്രസക്തമാണ്. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആർ റദ്ദാക്കണമെന്ന ലൈഫ് മിഷന്‍റെ ആവശ്യം ഈ ഘട്ടത്തിൽ ഹൈക്കോടതി അംഗീകരിച്ചില്ല. വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ലൈഫ് മിഷനെ മൂന്നാം പ്രതിയാക്കിയായിരുന്നു സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചത്.
എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഒന്നാം പ്രതിയും യുണി ടാക്ക് എംഡിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജി കോടതി പരിഗണിച്ചില്ല. ഇതോടെ യൂണിടാക്കിനെതിരായ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ടുപോകാനാവും.
ലൈഫ് മിഷനിൽ അന്വേഷണം നടത്താൻ സിബിഐക്ക് അധികാരമില്ലെന്നായിരുന്നു സർക്കാരിന്‍റെ വാദം. എഫ്സിആർഎ നിയമം ബാധകമല്ലെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് റദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാറുകാരായ യുണിടാക്ക് വിദേശ സഹായം സ്വീകരിച്ചത് ലൈഫ് മിഷനെ പ്രതിനിധീകരിച്ചാണെന്നും ലൈഫ് മിഷനിൽ നടന്നത് സുതാര്യമല്ലാത്ത ഇടപാടാണെന്നും അതിനാൽ എഫ്സിആർഎ നിയമപ്രകാരം അന്വേഷിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സിബിഐ കോടതിയിൽ വാദിച്ചത്.
ലൈഫ് മിഷൻ, യൂണിടാക്ക്, സിബിഐ എന്നിവരുടെ പ്രാഥമിക വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഹർജികളിൽ ഇടക്കാല ഉത്തരവ് നൽകിയത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.