എറണാകുളം: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണൻ ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബെക്‌സ് കൃഷണന് പുതിയ ജീവിതത്തിലേക്കുളള ചുവടുവെപ്പു കൂടിയായിരുന്നു നാട്ടിലേക്കുള്ള തിരിച്ചുവരവ്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് അബുദാബിയിൽ നിന്നും പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് നാട്ടിലെത്തിയത്.
ALSO READ:സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
ഇത് പുതിയ ജീവിതം
തനിക്കിതൊരു പുതിയ ജീവിതമാണെന്ന് ബെക്‌സ് കൃഷ്ണൻ പറഞ്ഞു. ഒമ്പത് വർഷത്തിന് ശേഷം കുടുംബാംഗങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. വ്യവസായി യൂസഫലിയുടെ ഇടപെടൽ കൊണ്ടാണ് തന്‍റെ മോചനം സാധ്യമായതെന്നും ബെക്‌സ് പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന തനിക്ക് രക്ഷപെടാൻ കഴിയുമെന്ന പ്രതീക്ഷ ലഭിച്ചത് യൂസഫലിയുടെ ഇടപെടലിന് ശേഷമാണ്.
ഭർത്താവിന്‍റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഭാര്യ വീണ പ്രതികരിച്ചു. നേരിൽ കണ്ട ഓർമ്മ പോലും ഇല്ലാതിരുന്ന മകൻ അദ്വൈതിന്, അച്ഛനെ കണ്ടതിന്‍റെ ആശ്ചര്യമായിരുന്നു. കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.
ALSO READ:വീണ്ടും ഉയർന്ന് ഇന്ധനവില; ജൂൺ 11 ന് കോൺഗ്രസിന്‍റെ പ്രതിഷേധം
മറക്കാനാഗ്രഹിക്കുന്ന ദിനം
2012 സെപ്‌റ്റംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്‌സിന്‍റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിച്ചിരുന്നില്ല. തുടർന്ന് വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലൂടെയാണ് ബെക്‌സിന് ജയിൽ മോചനം ലഭിച്ചത്.
വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്‍റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്‌സിന്‍റെ ശിക്ഷ ഇളവ് ചെയ്ത് ജയിൽ മോചിതനാകാൻ കഴിഞ്ഞത്. നഷ്ടപരിഹാരമായി കോടതി ഒരു കോടി ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയാണുണ്ടായത്.