എറണാകുളം: പോക്സോ കേസിലെ പ്രതി രഹന ഫാത്തിമയെ പനമ്പിള്ളി നഗറിലെ ബി.എസ്.എൻ.എൻ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും പ്രതിയുടെ ടാബ് പൊലീസ് പിടിച്ചെടുത്തു. ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന വിഷയത്തിൽ, പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസിൽ കീഴടങ്ങിയത്.
പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകൾ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി രഹന ഹൈക്കോടതിയെ സമീച്ചിരുന്നുവെങ്കിലും അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് രഹന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതിയും മുൻകൂർ ജാമ്യാപേക്ഷ തളളുകയും ശക്തമായി രഹ്നയുടെ പ്രവർത്തിയെ വിമർശിക്കുകയും ചെയ്തിരുന്നു.
സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുന്ന പ്രവർത്തിയെന്നായിരുന്നു കോടതി വിലയിരുത്തിയത്. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയുള്ള പ്രർത്തനമാണ് താൻ നടത്തിയതെന്നായിരുന്നു പ്രതി രഹന ഫാത്തിമയുടെ നിലപാട്.