എറണാകുളം: ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണം ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി. പാതയിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത് കാനന ക്ഷേത്രങ്ങളുടെ പ്രസക്തി നഷ്‌ടമാക്കുമെന്നും അതിനാൽ 24 മണിക്കൂറും പാത തീർഥാടകർക്കായി തുറക്കണമെന്നുമാണ് ആവശ്യം. എന്നാൽ നിയന്ത്രണം തീർഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൊറോണ കാലത്ത് അടച്ചിട്ട പാതയിൽ നിലവിൽ വന്യമൃഗസാന്നിധ്യം കൂടുതലാണ്. തീർഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് നിലവിലുള്ള നിയന്ത്രണമെന്ന് സർക്കാർ വ്യക്തമാക്കി. കാനനപാതയിൽ വന്യമൃഗങ്ങൾ തീർഥാടകരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കാര്യത്തിൽ വനംവകുപ്പ്, ജില്ലാ പൊലീസ് മേധാവി, പെരിയാർ ടൈഗർ റിസര്‍വ് ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവരോട് തിങ്കളാഴ്‌ച വിശദമായ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. അയ്യപ്പ ധർമ്മ സംഘമാണ് ഹർജി നൽകിയത്