എറണാകുളം: രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കമ്മിഷന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് പി. ജെ. ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മിഷന്‍റേത് ഭൂരിപക്ഷ തീരുമാനമാണെന്നുമുള്ള ജോസ് കെ. മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം അനുവദിച്ചതെന്നു കാണിച്ചായിരുന്നു പി ജെ ജോസഫ് ഹര്‍ജി നല്‍കിയത്. ജോസഫിന്‍റെ ഹർജിയിൽ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്. കെ. മാണി വിഭാഗത്തിന് ടേബിൾ ഫാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു.