കൊച്ചി: സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്താഘോഷങ്ങൾക്ക് തൃപ്പൂണിത്തുറ രാജനഗരി ഒരുങ്ങി. വർണ ശബളമായ ഘോഷയാത്രക്ക് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ ഒമ്പത് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അത്താഘോഷം ഉദ്ഘാടനം ചെയ്യും.
രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാ വ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്. രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭാധ്യക്ഷ ചന്ദ്രികാദേവി രാജകുടുംബത്തിന്റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. അത്താഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നഗരസഭാധ്യക്ഷ ചന്ദ്രികാ ദേവി പറഞ്ഞു.
ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് അത്താഘോഷം നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്കും ഫ്ലെക്സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്. സ്കൂൾ കുട്ടികളോടൊപ്പം സെൽഫി എടുക്കുന്നതിനും ആനകളുടെ അടുത്ത് പോകുന്നതിനും വിലക്കുണ്ട്. നൂറിലേറെ നിരീക്ഷണ ക്യാമറകൾ, സുരക്ഷയ്ക്കായി 400 പൊലീസ് ഉദ്യോഗസ്ഥർ. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ഫയർ ടെന്റുകൾ എന്നിവ ഉണ്ടാവും. എസ്‌പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം പ്രധാന ജംഗ്‌ഷനുകളിൽ ഏർപ്പെടുത്തും. നിശ്ചലദൃശ്യങ്ങൾ, വിവിധ നാടൻ കലാരൂപങ്ങൾ, വിദ്യാർഥികളുടെ കലാരൂപങ്ങൾ എന്നിവ അത്തച്ചമയ ഘോഷയാത്രക്ക് മാറ്റുപകരും. ഘോഷയാത്ര കാണാൻ ആയിരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.