എറണാകുളം: ലക്ഷദ്വീപ് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയ മത്സ്യബന്ധന ബോട്ടിൽ നിന്നും 218 കിലേഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്.
പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. മെയ് 18നാണ് രണ്ട് ബോട്ടുകളും പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1526 കോടി രൂപയോളം വിലവരുന്നതാണ് പിടികൂടിയ ഹെറോയിൻ. രണ്ട് മത്സ്യബന്ധന ബോട്ടുകളിലായി ഒരു കിലോഗ്രാമിന്റെ 218 പാക്കറ്റുകളായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
പ്രത്യേക രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പരിശോധന തുടങ്ങിയത്. കുളച്ചൽ സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായ മത്സ്യത്തൊഴിലാളികളിൽ നാലു പേർ മലയാളികളാണെന്നാണ് സൂചന. ഹെറോയിൻ പിടികൂടിയ മത്സ്യബന്ധന ബോട്ടുകൾ കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് എത്തിച്ചാണ് വിശദമായ പരിശോധന നടത്തിയത്. 1985ലെ എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർ നടപടികളാണ് ഡിആർഐ സ്വീകരിച്ചത്.
അതേസമയം ഓപ്പറേഷൻ ഡിആർഐയും ഐസിജിയും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. വിപുലമായ നിരീക്ഷണം ഏർപ്പെടുത്തിയാണ് ഹെറോയിൻ കടത്തിയ മത്സബന്ധന ബോട്ട് കണ്ടെത്തിയത്.
Also Read: വിമാനത്താവളത്തില്‍ പിടിച്ചത് 80 കോടിയുടെ കൊക്കെയ്‌ന്‍