എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ വി.എൻ അനിൽകുമാറാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരായത്. കേസ് തിങ്കളാഴ്‌ച വീണ്ടും കോടതി പരിഗണിക്കും. ഈ കേസിൽ സമർപ്പിക്കപ്പെട്ട എട്ട് പരാതികൾ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്ന് പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാർ പറഞ്ഞു.
എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയും വിചാരണ കോടതി പരിഗണിക്കും. വിചാരണ കോടതി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂട്ടർ എ.സുരേഷൻ രാജിവെച്ചത്. ഇതേ തുടർന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ വിട്ടയച്ചതിനെ കുറിച്ച് വിശദീകരിക്കാൻ വിയ്യൂർ ജയിൽ സുപ്രണ്ട് കോടതിയിൽ ഹാജരായി. മാപ്പുസാക്ഷി ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ജയിൽ സുപ്രണ്ടിൽ നിന്ന് വിശദീകരണം തേടിയ കോടതി രൂക്ഷമായ ഭാഷയിൽ ജയിൽ സുപ്രണ്ടിനെ വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതി വാദം കേൾക്കും.