എറണാകുളം: വാളയാർ കേസിൽ പ്രോസിക്യൂഷനും വിചാരണ കോടതിക്കും വീഴ്‌ച സംഭവിച്ചെന്ന് സർക്കാർ. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിട്ടും ഇത് വിചാരണ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് വീഴ്‌ച സംഭവിച്ചത്. കേസ് പരിഗണിച്ച വിചാരണ കോടതിക്കും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും പോക്സോ കേസുകളിൽ കോടതികളുടെ സജീവമായ ഇടപെടൽ ആവശ്യമാണന്ന സുപ്രീംകോടതി വിധികളുണ്ടെന്നും സർക്കാർ പറഞ്ഞു. പ്രതികൾ കുട്ടികളെ ഉപദ്രവിച്ചെന്ന മാതാപിതാക്കളുടെ മൊഴിയുണ്ടെന്നും അവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു.
വാളയാറിലെ മൂത്ത പെൺകുട്ടിയെ വലിയ മധുവെന്ന പ്രതി പീഡിപ്പിച്ചെന്ന കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതികളിലൊരാളായ പ്രദീപ് മരിച്ച കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപ്പീൽ ഹർജിയിൽ ഹൈക്കോടതിയിൽ നാളെയും സർക്കാർ വാദം തുടരും. തുടർ അന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ട് കൂടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.